11:35pm 08 September 2026
NEWS
ജോസ് കെ. ജോർജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി
18/12/2025  09:42 PM IST
nila
ജോസ് കെ. ജോർജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി

ചെങ്ങന്നൂർ: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ചെങ്ങന്നൂർ മുൻ നഗരസഭ കൗൺസിലറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ 
ജോസ് കെ. ജോർജിന് നേരെ നടന്ന ക്രൂര മർദ്ദനവും ആക്രമണവും അത്യന്തം അപലപനീയവും ജനാധിപത്യത്തിനെതിരായ ഗുരുതര കടന്നുകയറ്റവും ആണെന്ന്  കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. ആക്രമണം നടത്തിയ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും, ഇതിന് പിന്നിലെ ഗൂഢാലോചനയും രാഷ്ട്രീയ പ്രേരണയും സമഗ്രമായി അന്വേഷിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഐ(എം) സ്ഥാനാർത്ഥിയും സംഘവുമാണ് ആക്രമണത്തിന് പിന്നിലെന്നുള്ള വിവരങ്ങൾ അതീവ ഗൗരവകരമാണെന്നും, തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാനാവാതെ കോൺഗ്രസ്–യു.ഡി.എഫ്. നേതാക്കളെ അക്രമത്തിലൂടെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. രാഷ്ട്രീയ ഭിന്നതകൾ അക്രമത്തിലൂടെ തീർപ്പാക്കാനുള്ള സിപിഐ(എം) സമീപനം കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതികളെ അറസ്റ്റ് ചെയ്തതോടെ നടപടി പൂർത്തിയായെന്ന നിലപാട് അംഗീകരിക്കാനാകില്ല. ആക്രമണം ആസൂത്രണം ചെയ്തത് ആരാണ്, പ്രേരിപ്പിച്ചത് ആരാണ്, പിന്നിൽ സംഘടനാപരമായോ രാഷ്ട്രീയപരമായോ ഗൂഢാലോചന ഉണ്ടായിരുന്നോയെന്നതടക്കമുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം എന്നും എം.പി. ആവശ്യപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ജോസ് കെ. ജോർജിന് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും, സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്ക് നേരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.
ആക്രമണത്തിനിരയായ ജോസ് കെ. ജോർജിനോടും കുടുംബത്തോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും, ജനാധിപത്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാൻ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതികരണം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img